Tuesday, February 12, 2013

പണ്ടൊരു നാട്ടില്‍ രാമു എന്ന ഒരു വിറകു വെട്ടുകാരന്‍ ഉണ്ടായിരുന്നു. എന്നും അതിരാവിലെ രാമു അടുത്തുള്ള കാട്ടിലേക്ക് വിറകു വെട്ടുവാന്‍ പോകും, വൈകീട്ട് വിറകുമായ്‌ വരുന്ന രാമു അടുത്തുള്ള ചന്തയില്‍ പോയി വിറകു വിറ്റു, കിട്ടിയ കാശിനു, വീട്ടിലേക്കുള്ള അരിയും മറ്റു സാധനങ്ങളും ആയി മടങ്ങും. അന്നന്ന് കിട്ടുന്ന കാശ് അന്നന്നതെക്കുള്ള ചിലവിനു മാത്രം തികയുന്നത് കൊണ്ട്, രാമു ജോലിക്ക് പോകാത്ത ദിനങ്ങളില്‍ കുടുംബം പട്ടിണി ആയിരുന്നു.

രാമുവിന്റെ അയല്‍ക്കാരന്‍ ആയ കോമു ധനികന്‍ ആയിരുന്നു, എങ്കിലും അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത അയാള്‍ക്ക് രാമുവിനോട് കടുത്ത പുച്ഛം ആയിരുന്നു. രാമു എങ്ങാനും പണം കടം ചോദിച്ചാലോ എന്ന് കരുതി, അയാള്‍ രാമുവിനോടും കുടുംബത്തിനോടും സംസാരിക്കുകയോ പരിചയഭാവം നടിക്കുകയോ ചെയ്യാറില്ലായിരുന്നു.

ഒരു ദിവസം രാമു കാട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍, തൊട്ടടുത്തുള്ള കാട്ടരുവിയുടെ കരയില്‍ നിന്നും ഒരു ഞരക്കം കേട്ടു. രാമു അടുത്തു ചെന്ന് നോക്കിയയപ്പോള്‍, തളര്‍ന്നു അവശയായ ഒരു താറാവിനെ കണ്ടു, ഹൃദയാലുവായ രാമു, ആ താറാവിനെ തന്റെ വീട്ടിലേക്കു കൊണ്ട് വന്നു ഭക്ഷണവും വെള്ളവും നല്‍കി, ഒരു കൊച്ചു കൂട് പണിയിച്ചു, രാമു താറാവിനെ അതില്‍ താമസിപ്പിച്ചു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞു,  താറാവിന്റെ കൂട് വൃത്തിയാക്കാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച കണ്ടു രാമു ഞെട്ടി, ദേ കിടക്കുന്നു കൂട്ടില്‍ ഒരു പൊന്മുട്ട. രാമു മുട്ട എടുത്തു, തിരിച്ചും മറിച്ചും നോക്കി, അടുത്തുള്ള ജ്വല്ലറിയില്‍ കൊടുത്തു. മാറ്റ്‌ ഉരച്ചു നോക്കി തട്ടാന്‍ പറഞ്ഞു, "ഇത് പ്യുര്‍ 916 ഗോള്‍ഡ്‌ ആണ്, എത്ര കൊല്ലം കഴിഞ്ഞു വിട്ടാലും മാറ്റിലും തൂക്കത്തിലും യാതൊരു കുറവും വരില്ല". ഇത് കേട്ട് രാമു ഏറെ സന്തോഷിച്ചു. തന്റെ കഷ്ടപ്പാട്‌ കണ്ടു, ദൈവം തന്നെ സഹായിച്ചതാണ് എന്ന് കരുതി, രാമു ദൈവത്തെ സ്തുതിച്ചു കൊണ്ട്, സന്തോഷത്തോടെ വീട്ടിലേക്കു തിരിച്ചു.

താറാവ്‌ എന്നും ഓരോ പൊന്മുട്ട ഇട്ടു കൊണ്ടിരുന്നു. രാമു പണക്കാരനായി. കാറും ബംഗ്ലാവും പരിചാരകരും എന്ന് വേണ്ടാ.. നാട്ടില്‍ ഒരുപാട് നിലവും ടൌണില്‍ കടകളും കമ്പനികളും വാങ്ങി കൂട്ടി. പൊന്മുട്ട ഇടുന്ന താറാവിനെ പാര്‍പ്പിക്കാന്‍ വേണ്ടി പ്രത്യേകം കൂട് പണിയിപ്പിച്ചു. കൂടാതെ സുരക്ഷയ്ക്കായി തന്റെ വിശ്വസ്തര്‍ ആയ രണ്ടു പേരെ താറാവിന് സെക്യൂരിറ്റി ആയി നിയമിക്കുകയും ചെയ്തു.

രാമുവിന്റെ വളര്‍ച്ച കണ്ടു അയല്‍വാസി ആയ കോമു അമ്പരന്നു..ഇതെങ്ങനെ സംഭവിച്ചു. ഉത്തരം കിട്ടാത്ത ഈ ചോദ്യം കാരണം കോമുവിന്റെ ഉറക്കം നഷ്ടപ്പെട്ടു.. ഒടുവില്‍ തന്റെ വിശ്വസ്ത ചാരന്മാരില്‍ നിന്നും കോമു, പൊന്മുട്ട ഇടുന്ന താറാവിനെ പറ്റി അറിഞ്ഞു, രാമുവിന്റെ വളര്‍ച്ച എങ്ങനെയും തടയണം എന്ന് തീരുമാനിച്ച കോമു, അതിനുള്ള വഴികള്‍ തലപുകഞ്ഞാലോചിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം കോമു, രാമുവിനെ കാണാന്‍ വന്നു. ശുദ്ധന്‍ ആയ രാമു ആകട്ടെ കോമുവിനെ വേണ്ടും വണ്ണം സ്വീകരിച്ചു. സൂത്രക്കാരനായ കോമു, രാമുവിനോട് പതിയെ പറഞ്ഞു.

കോമു: "അതേയ് രാമു, നിങ്ങള്‍ എന്തിനാണ് ഓരോ ദിവസവും ഓരോ മുട്ടക്കു വേണ്ടി കാത്തിരിക്കുന്നത്, ആ താറാവിന്റെ വയറ്റില്‍ അത് ഇനി ഇടാന്‍ ബാക്കി ഉള്ള എല്ലാ മുട്ടകളും കാണില്ലേ.. അതിന്റെ വയര്‍ പിളര്‍ന്നു ആ മുട്ടകള്‍ എല്ലാം എടുക്കൂ....എളുപ്പത്തില്‍ എല്ലാം നേടരുതോ..."

ഇത് കേട്ട് രാമു ഒരു നിമിഷം ആലോചിച്ചു.. അത് കണ്ടു കോമു മനസ്സില്‍ സന്തോഷിച്ചു. വിദ്യാഭ്യാസം ഇല്ലാത്ത രാമു, കോമുവിന്റെ വലയില്‍ വീണു.

രാമു :"കോമു... നീ പറഞ്ഞത് എത്ര ശരി ആണ്, ഞാന്‍ എന്തിനാണ് ഇങ്ങനെ സമയം കളയുന്നത്. ആ താറാവിന്റെ വയര്‍ ഇന്ന് തന്നെ പിളര്‍ന്നു മൊത്തം മുട്ടകളും എടുക്കണം."

കോമു:"എങ്കില്‍ വൈകേണ്ട രാമു, നമുക്ക് ഇപ്പോള്‍ തന്നെ എടുക്കാം."

രാമു തന്റെ മുറിയില്‍ കയറിപ്പോയി പൊടുന്നനെ താറാവുമായ്‌ വന്നു. എന്നിട്ട് രാമുവും കൊമുവും കൂടി താറാവിന്റെ വയര്‍ പിളര്‍ന്നു.. വയറിനകം പരിശോധിച്ച രാമു ഏറെ ദുഖിതന്‍ ആയി, വയറ്റില്‍ ആകെ ഒരു മുട്ട മാത്രം, അതാകട്ടെ പാകമാകാത്തതിനാല്‍ പോട്ടിപ്പോകുകയും ചെയ്തു. ഇത് കണ്ടു കോമു വളരെ നിരാശ അഭിനയിച്ച ശേഷം വീട്ടിലേക്കു തിരിച്ചു, വിഷണ്ണനായ  രാമു കുരങ്ങന്‍ ചത്ത കുറവനെ പോലെ, ഉമ്മറത്ത്‌ വന്നു ഉത്തരം നോക്കി അന്തം വിട്ടിരുന്നു.


*********************************************************************************

അന്ന് വൈകുന്നേരം രാമു തന്റെ ആത്മാര്‍ത്ഥ സുഹൃത്തായ ദാമുവിനെ വിളിച്ചു. "ഡാ ദാമു, ആ കോമു എന്റെ താറാവിനെ കുറിച്ച് എങ്ങനെയോ അറിഞ്ഞു, അവന്‍ ചില നമ്പറുകള്‍ ഇറക്കി എന്നെ കൊണ്ട് അതിനെ കൊല്ലാന്‍ നോക്കി, വേറെ ഒരു താറാവിനെ അറുത്തു.. ഞാന്‍ തല്‍ക്കാലം അവന്റെ കടി മാറ്റിയിട്ടുണ്ട്, പക്ഷെ ഇനിയും അവന്‍ എന്തെങ്കിലും വേലകളുമായി വരും അത് കൊണ്ട് തല്‍ക്കാലം നീ എന്റെ താറാവിനെ ഒന്ന് സൂക്ഷിക്കണം, ഇന്ന് രാത്രി എന്റെ വാനില്‍ ഞാന്‍ താറാവിനെ അവിടെ കൊണ്ട് വിടുന്നുണ്ട്."

ദാമു സമ്മതിച്ചു.

*********************************************************************************

ഈ സംഭാഷണം കഴിഞ്ഞു അര മണിക്കൂര്‍ കഴിയും മുന്‍പേ കോമു തന്റെ സുഹൃത്തും സ്ഥലത്തെ ക്വട്ടെഷന്‍ ടീം പ്രധാനിയുമായ പരമുവിനെ വീട്ടില്‍ വിളിച്ചു.

കോമു: "ഡാ....കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.. രാമു എന്റെ മുന്നില്‍ നിന്നും ഒരു ഡ്യൂപ്ലിക്കേറ്റ്‌ താറാവിനെ അറുത്തു നാടകം കളിച്ചിട്ടുണ്ട്.. ഇന്ന് രാത്രി അവന്‍ ഒറിജിനല്‍ താറാവിനെ സ്വന്തം വാനില്‍ ദാമുവിന്റെ വീട്ടിലേക്കു മാറ്റും, വഴിയില്‍ വച്ച് വണ്ടി തടഞ്ഞു നിര്‍ത്തി, താറാവിനെ തട്ടി എടുക്കണം. ഒരീച്ച പോലും അറിയരുത്. രാമുവിന്റെ താറാവു ചത്തു പോയി എന്ന് വിശ്വസിക്കുന്ന ഞാന്‍ ആണ് ഇതിന്റെ പിന്നില്‍ എന്ന് അവന്‍ ഒരിക്കലും വിചാരിക്കില്ല." കോമു തന്റെ സ്വര്‍ണപ്പല്ല് കാട്ടി വെളുക്കെ ചിരിച്ചു..

പരമു അത് കേട്ട് തലയാട്ടി.

*********************************************************************************

അന്ന് രാത്രി രാമുവിന്റെ വീട്ടില്‍ നിന്നും ഒരു വാന്‍ ദാമുവിന്റെ വീട്ടിലേക്കു തിരിച്ചു. വഴിയില്‍ വച്ച് ഒരു ലോറി രാമുവിന്റെ വാനിനെ പിന്തുടര്‍ന്നു. അപകടം മാനത്ത വാനിന്റെ ഡ്രൈവര്‍ മിന്നല്‍ വേഗത്തില്‍ ദാമുവിന്റെ വീട്ടിലേക്കു വണ്ടി പറപ്പിച്ചു, പക്ഷെ വഴിയില്‍ വച്ച് പിന്തുടര്‍ന്ന ലോറി അബദ്ധത്തില്‍ രാമുവിന്റെ വാനിനെ തട്ടുകയും വാന്‍ ഒരു കൊക്കയിലേക്ക് മറിയുകയും ചെയ്തു, ഭാഗ്യത്തിന് വാനിന്റെ ഡ്രൈവര്‍ കൊക്കയില്‍ വീഴും മുന്‍പ് വണ്ടിക്കു വെളിയിലേക്ക് ചാടി രക്ഷപ്പെട്ടു. ഒന്ന് തിരഞ്ഞു പോലും നോക്കാതെ ലോറിയുമായി പരമു, കോമുവിന്റെ വീട്ടിലേക്കു തിരിച്ചു.

*********************************************************************************

അന്ന് രാത്രി രാമു ഉറങ്ങിയില്ല മണി പന്ത്രണ്ടടിച്ചപ്പോള്‍ രാമു വീണ്ടും ദാമുവിനെ വിളിച്ചു, ഇത്തവണ മൊബൈലില്‍ നിന്നായിരുന്നു വിളി.

രാമു: "ഡാ.. ദാമു, കോമു വീണ്ടും കളിച്ചു. പക്ഷെ അവന്‍ തള്ളി കൊക്കയില്‍ ഇട്ട എന്റെ പഴഞ്ചന്‍ മാരുതി ഒമ്നി വാനില്‍ താറാവ് പോയിട്ട് താറാവിന്റെ പൂട പോലും ഉണ്ടായിരുന്നില്ല, തല്‍ക്കാലം ഞാന്‍ താറാവിനെ അങ്ങോട്ട്‌ വിടുന്നില്ല, ഇവിടെ ഇരിക്കട്ടെ, നീ നാളത്തെ പത്രത്തില്‍ രാമുവിന്റെ വാന്‍ കൊക്കയില്‍ വീണെന്നും, ഡ്രൈവര്‍ രക്ഷപ്പെട്ടു എന്നും കൊടുക്കണം, വാനിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു താറാവിന്റെ ജഡം കണ്ടെടുത്തു എന്നും കൂടെ കൊടുത്താല്‍ ഭേഷ്‌ ആയി."

അന്ന് രാമുവും കൊമുവും സുഖമായി ഉറങ്ങി....

*********************************************************************************